| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തിരുവനന്തപുരം: കൈത്തറി വസ്ത്രങ്ങളുടെ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനം നടന്‍ മോഹന്‍ലാലിന് നല്‍കി. ഇന്നലെ വൈകിട്ട് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീം ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് മോഹന്‍ലാലിന് കൈമാറി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൈത്തറിമേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതായി ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തിയ എളമരം കരീം പറഞ്ഞു. കൈത്തറി തൊഴിലാളികള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവയും നടപ്പാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു ലക്ഷം കുടുംബള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കൈത്തറി വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്നുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കി. ഇതിന്റെ ഭാഗമായി കൈത്തറി വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായി. എന്നാല്‍ ഈ വര്‍ധന കൈത്തറി മേഖലയിലെ എല്ലാ തൊഴിലാളികളേയും സംരക്ഷിക്കാന്‍ പോന്ന വിധത്തിലുള്ളതല്ല. ഈ സാഹചര്യത്തിലാണ് ഗുഡ്‌വില്‍ അംബാസഡറാകണമെന്ന ആവശ്യമായി സര്‍ക്കാര്‍ മോഹന്‍ലാലിനെ സമീപിച്ചത്. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു എന്ന് മാത്രമല്ല പ്രതിഫലം ആവശ്യമില്ലെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചതായും മന്ത്രി എളമരം കരീം പറഞ്ഞു. മോഹന്‍ലാലിനെ ഗുഡ്‌വില്‍ അംബാസഡറായി നിയമിച്ചതോടെ കൈത്തറി വസ്ത്രങ്ങളിലേയ്ക്ക് കൂടുതല്‍ യുവതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ പറഞ്ഞു. നിയമ മന്ത്രി എം വിജയകുമാര്‍, പ്രതിപക്ഷ ഉപനേതാവ് ജി കാര്‍ത്തികേയന്‍, വി ശിവന്‍ കുട്ടി എം എല്‍ എ, മേയര്‍ സി ജയന്‍ബാബു, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. |
Saturday, October 8, 2011
മോഹന്‍ലാല്‍ കൈത്തറി അംബാസഡര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment