കൈത്തറി വ്യവസായം പ്രതിസന്ധിയില്‍;
തൊഴിലാളി സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിലേക്ക്
കണ്ണൂര്‍: പരുത്തി ഉത്പ്പാദനത്തില്‍ വര്‍ധനവുണ്ടായിരിക്കെ, നൂലിന്റെ അമിത വിലക്കയറ്റം കാരണം കൈത്തറി-യന്ത്രത്തറി വ്യവസായം പ്രതിസന്ധിയില്‍. ടെക്‌സ്റ്റൈല്‍ വ്യവസായ മേഖലകളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് തൊഴിലാളിനേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരുത്തികൃഷിയുടെ ആഭ്യന്തര ഉത്പ്പാദനം വര്‍ധിച്ചിട്ടും അവധി വ്യാപാരവും പൂഴ്ത്തിവെപ്പും കാരണം നൂലിന്റെ വില ഉയര്‍ന്നിരിക്കുകയാണ്. ഒരു തരം നൂലിന് 2009ല്‍ 590 രൂപയാണെങ്കില്‍ ഇന്ന് 880 രൂപാണ് വില. ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ള ചില ലോബികളാണ് ഇതിന് പിന്നിലെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം ഒരു വര്‍ഷം 350 കോടി രൂപയുടെ കൈത്തറി തുണിത്തരങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത്. എന്നാല്‍ നൂലിന്റെ അമിത വില കാരണം ഉത്പ്പാദനം കുറയുകയും അതുവഴിയുള്ള പ്രതിസന്ധി കാരണം കയറ്റുമതി വരുമാനം 220 കോടിയായി കുറഞ്ഞിരിക്കുകയാണ്. കയറ്റുമതിക്കായി വിദേശ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഈ മേഖലയിലുള്ളത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കൂടുതല്‍ വിലക്കയറ്റമാണ് നൂലിനുണ്ടായിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളോടാണ് ഇന്ത്യയിലെ കൈത്തറി മേഖല മത്സരിക്കുന്നത്. ഇതേ രാജ്യങ്ങളിലേക്കാണ് നമ്മള്‍ പരുത്തി കയറ്റുമതി ചെയ്യുന്നത്. സംസ്ഥാനത്ത് കൈത്തറി മേഖലയുമായി ബന്ധപ്പെട്ട് ഉപജീവന മാര്‍ഗം നയിക്കുന്ന അഞ്ചുലക്ഷത്തോളം കുടുംബങ്ങളുണ്ട്. നൂല്‍ വിലക്കയറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കൈത്തറി വ്യവസായങ്ങളുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാളെ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് തൊഴിലാളി നേതാക്കല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സമരസമിതി സംയുക്ത നേതാക്കളായ അരക്കന്‍ ബാലന്‍, സി ജയചന്ദ്രന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി താവം ബാലകൃഷ്ണന്‍, ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, കടുവന്‍ പത്മനാഭന്‍, സി ബാലന്‍ പങ്കെടുത്തു. |
No comments:
Post a Comment