എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, October 9, 2011

പൈതൃകത്തിന്റെ നൂലിഴകളില്‍ നെയ്തെടുക്കുന്ന ജീവിതങ്ങള്‍

പൈതൃകത്തിന്റെ നൂലിഴകളില്‍ നെയ്തെടുക്കുന്ന ജീവിതങ്ങള്‍
മോഹന്‍ലാല്‍
ഒരു ഓണം കൂടി മുന്നിലേക്കെത്തുകയാണ്. മലയാളികളുടെ ഓണം. ഒരു ആഘോഷത്തിനപ്പുറം ഓണത്തിന്റെ പൊലിമയില്‍ ജീവിതം നെയ്തെടുക്കുന്ന കുറച്ച് ജീവിതങ്ങള്‍ കേരളത്തിലുണ്ട്. നമ്മുടെ കൈത്തറി-ഖാദി ഉത്പാദകരും ആ കൂട്ടത്തില്‍പ്പെടും. ഓണത്തിന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ റിബേറ്റുകളും സംസ്ഥാനത്തെ ജനങ്ങളുടെ വിപുലമായ ഷോപ്പിംഗും അവരുടെ ജീവിതത്തിന് കൂടുതല്‍ പ്രകാശം പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഓണക്കാലത്ത് അവരുടെ ദൈന്യത നിറഞ്ഞ ജീവിതത്തില്‍ കൂടുതല്‍ മിഴിവുണ്ടാകട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ജീവന്റെ എല്ലാ തുടിപ്പുകളും ഇവിടെ വളര്‍ന്ന്, പടര്‍ന്ന് പൂത്തുലസട്ടെ. നമ്മളാല്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ നമുക്കവര്‍ക്ക് വേണ്ടി ചെയ്യാനാവും. നമ്മള്‍ ജീവിക്കുന്ന നന്‍മനിറഞ്ഞ ഈ നാട് നാം ഉണ്ടാക്കിയെടുത്തതല്ല. ഈ ഐശ്വര്യവും സമാധാനവുമൊക്കെ നമ്മുടെ പ്രപിതാമഹര്‍ നമുക്ക് വേണ്ടി കരുതിവെച്ചതാണ്. നമുക്ക് ലഭിച്ചതെല്ലാം ഒട്ടും ചോര്‍ന്നുപോകാതെ വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. അതിന് എന്റെയും നിങ്ങളുടേയും ഓരോ കുഞ്ഞ് പ്രവൃത്തിയും അര്‍ത്ഥപൂര്‍ണമാക്കണം. നമുക്കതിന് ശ്രമിക്കാം. ഓണാശംസകള്‍...
 
കേരളത്തിലെ കൈത്തറി- ഖാദി ഉത്പന്നങ്ങളുടെ ഗുഡ്വില്‍ അംബാസഡര്‍ ആകണമെന്ന് സംസ്ഥാന ഗവണ്‍മെന്റ് എന്നോട് അഭ്യര്‍ത്ഥിച്ചപ്പോഴാണ് ആ മേഖലകളിലെ ഉത്പാദകരുടെ ജീവിത പരിസരത്തെക്കുറിച്ച് ഞാന്‍ അന്വേഷിക്കുന്നത്. മനസ്സിലാക്കുന്നത്. ദയനീയമാണ് അവരുടെ അവസ്ഥ. ഉത്പാദനമുരടിപ്പിലൂടെ അവരുടെ ജീവിതം വഴിമുട്ടുന്നതും വിപണികളില്‍ കൈത്തറി-ഖാദി ഉത്പന്നങ്ങള്‍ വില്‍പ്പനയില്ലാതെ കെട്ടിക്കിടക്കുന്നതും ആ മേഖലയിലെ കുടുംബങ്ങളുടെ ദീനതയുമൊക്കെ എനിക്ക് ബോധ്യപ്പെട്ടു. ഒരഭിനേതാവ് എന്നതിലുപരി ഞാന്‍ ഒരു പച്ചമനുഷ്യനുമാണ്. ജീവിതത്തിന്റെ വിവിധഭാഗങ്ങള്‍ പകര്‍ന്നാടുമ്പോള്‍ പലപ്പോഴും അവയെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്.
ഞാന്‍ മനസ്സിലാക്കുന്നത് കേരളത്തില്‍ രണ്ട് ലക്ഷത്തോളം വരുന്ന കൈത്തറി-ഖാദി തൊഴിലാളികള്‍ ഉണ്ടെന്നാണ്. അവരുടെ ജീവിതത്തിന് ഞാന്‍ നിമിത്തം ചെറിയ രീതിയിലെങ്കിലും ഉന്നമനമുണ്ടാവുന്നെങ്കില്‍, വിശന്ന് കരയുന്ന ഒരു കുഞ്ഞിന്റെ കരച്ചിലെങ്കിലും എന്റെ സഹകരണത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യം തന്നെയാണ്. അങ്ങനെയാണ് ഞാന്‍ കൈത്തറി-ഖാദി മേഖലയെ വളര്‍ത്തുന്നതിന് വേണ്ടി, ജനങ്ങളെ ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനായി ബോധവത്കരിക്കുന്നതിന് വേണ്ടി എന്നാല്‍ കഴിയുന്ന സഹായം ചെയ്യാമെന്ന് വാക്ക് കൊടുത്തത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിന്റെ ചുക്കാന്‍ പിടിക്കുമെങ്കിലും ആത്യന്തികമായി ഭരണസംവിധാനം ഒന്നുതന്നെയാണ്. എന്റെ താരമൂല്യത്തെ കൈത്തറി-ഖാദി മേഖലയുടെ നവീകരണത്തിനും വ്യാപനത്തിനുമായി എത്രമാത്രം ഉപയോഗിച്ചു എന്നത് ആ ഭരണ സംവിധാനം വിമര്‍ശന ബുദ്ധിയോടു കൂടി പരിശോധിക്കണം എന്ന ഒരഭ്യര്‍ത്ഥനയാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്.
നമ്മുടെ രാജ്യത്തിന്റെ ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ചര്‍ക്കയുടേയും തറികളുടേയും സഹന സമരങ്ങളുടേയും ഉജ്ജ്വലങ്ങളായ ഏടുകള്‍ കാണാന്‍ സാധിക്കും. അവയെ സംരക്ഷിക്കുക, അര്‍ത്ഥപൂര്‍ണ്ണമായി പിന്തുടരാന്‍ ശ്രമിക്കുക എന്നതൊക്കെ നമ്മുടെ കടമതന്നെയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പരമ്പാരാഗത ഉത്പാദനമേഖലയില്‍ പ്രമുഖങ്ങളാണ് കൈത്തറി, ഖാദി തുടങ്ങിയവ. അവിടെ ഉത്പാദനവര്‍ധനവുണ്ടാകുമ്പോഴും സംസ്ഥാനത്ത് എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയുന്ന ഒരു വികസന കാലാവസ്ഥ ഉണ്ടാവും. അതും എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. നമ്മുടെ മണ്ണും മലയാളവും സംസ്കാരവും എന്നും എവിടെയായാലും നമ്മോടൊപ്പം ഉണ്ടല്ലോ.
ഞാന്‍ ഒരു സാധാരണക്കാരനാണ്. സിനിമാ ലൊക്കേഷനുകളിലെ ജീവിതം പഞ്ചനക്ഷത്ര രീതിയിലുള്ളതൊന്നുമല്ല. ഞങ്ങളുടെ കോസ്റ്യൂംസില്‍ അധികവും കൈത്തറിതന്നെയാണ്. ചില കഥാപാത്രങ്ങള്‍ക്ക് മാറ്റമുണ്ടാവുമെന്ന് മാത്രം. ഞാന്‍ മുണ്ടും ഷര്‍ട്ടുമാണ് മിക്കവാറും ഉപയോഗിക്കുന്നത്. എന്റെ ജോലിയുടെ സ്വഭാവം വെച്ച് ഇനിയുള്ള കാലം മൊത്തം ഞാന്‍ കൈത്തറി വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാന്‍ കഴിയില്ല. എങ്കിലും ജീവിതത്തില്‍ കൈത്തറി ഉത്പന്നങ്ങള്‍ ഉപയോഗിക്കുക എന്നത് ഒരു ചര്യയാക്കുവാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് എന്റെ സുഹൃത്തുക്കളും എന്നെ സ്നേഹിക്കുന്നവരും പിന്തുടരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഓണത്തിന്റെ ഈ വേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളോടും എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. നിങ്ങള്‍ ഓരോരുത്തരും ഖാദിയുടേയും കൈത്തറിയുടേയും പ്രചാരകരാവണം. അല്ലെങ്കില്‍ നമ്മുടെ നാടിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. നിങ്ങള്‍ കൈത്തറി-ഖാദി വസ്ത്രങ്ങള്‍ ധരിക്കുകയും അന്യസംസ്ഥാനക്കാരായ/രാജ്യക്കാരായ സുഹൃത്തുക്കളോട് ഇവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. എനിക്ക് തോന്നുന്നു ഇത് വലിയ ഒരു ചലനം ഉണ്ടാക്കാന്‍ സഹായകമാവും.
ജീവന്റെ എല്ലാ തുടിപ്പുകളും ഇവിടെ വളര്‍ന്ന്, പടര്‍ന്ന് പൂത്തുലസട്ടെ. നമ്മളാല്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ നമുക്കവര്‍ക്ക് വേണ്ടി ചെയ്യാനാവും. നമ്മള്‍ ജീവിക്കുന്ന നന്‍മനിറഞ്ഞ ഈ നാട് നാം ഉണ്ടാക്കിയെടുത്തതല്ല. ഈ ഐശ്വര്യവും സമാധാനവുമൊക്കെ നമ്മുടെ പ്രപിതാമഹര്‍ നമുക്ക് വേണ്ടി കരുതിവെച്ചതാണ്. നമുക്ക് ലഭിച്ചതെല്ലാം ഒട്ടും ചോര്‍ന്നുപോകാതെ വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. അതിന് എന്റെയും നിങ്ങളുടേയും ഓരോ കുഞ്ഞ് പ്രവൃത്തിയും അര്‍ത്ഥപൂര്‍ണമാക്കണം. നമുക്കതിന് ശ്രമിക്കാം. 




ഒറിജിനല്‍ പോസ്റ്റ് നെല്ല് മാസികയില്‍ 

No comments: