കൈപൊള്ളിക്കുന്ന കൈത്തറി വ്യവസായം 
ഇന്ത്യയില്‍ കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്നത്  കൈത്തറിമേഖലയിലാണ്. കൈത്തറി, യന്ത്രത്തറി, മില്ലുകള്‍, ഗാര്‍മെന്റ്സ്  യൂണിറ്റുകള്‍, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ എന്നിവയെ ആശ്രയിച്ച്  അഞ്ചുലക്ഷത്തോളം കുടുംബങ്ങള്‍ കേരളത്തില്‍മാത്രം ജീവിക്കുന്നുണ്ട്.   എന്നാല്‍, ഇന്ന് ഈ തൊഴില്‍മേഖലയില്‍ ജോലിചെയ്യുന്നവരുടെ സ്ഥിതി ദയനീയമാണ്.  കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ അവരുടെ ജീവിതം  ദുരിതമയമാക്കിയിരിക്കുന്നു. അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന കൈത്തറി  വ്യവസായം സംരക്ഷിക്കാനും തൊഴിലും കൂലിയും ഉറപ്പുവരുത്താനും കേന്ദ്ര  സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ശാസ്ത്രീയമായ  സമീപനത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും സമഗ്രപദ്ധതികള്‍  ആവിഷ്കരിച്ചുനടപ്പാക്കിയാല്‍ മാത്രമേ കൈത്തറിയെ തകര്‍ച്ചയില്‍നിന്ന്  രക്ഷിക്കാനാകൂ.
ആഗോളവല്‍ക്കരണനയത്തിന്റെ ഫലമായി ലോകത്താകമാനം  സാമ്പത്തികപ്രതിസന്ധിയുണ്ടായപ്പോള്‍ കേരളത്തിലെ കൈത്തറി വ്യവസായം  ഒരുപരിധിവരെ പിടിച്ചുനിന്നത് ആഭ്യന്തരവിപണിക്കൊപ്പം തന്നെ വിദേശ  കമ്പോളത്തെയും ആശ്രയിച്ചാണ്. എന്നാല്‍, പുതിയ സാമ്പത്തികപ്രതിസന്ധിയുടെ  ആഘാതം നമ്മുടെ കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ഗുരുതരമായി  ബാധിച്ചിരിക്കുകയാണ്. ലോകമാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ് ഉണ്ടായിരുന്ന കേരള  കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ പലതും ഇല്ലാതായി. നേരത്തെ  ലഭിച്ച ഓര്‍ഡറുകള്‍ പോലും ഏറ്റെടുക്കാന്‍ കഴിയാത്ത നിലയിലാണ് കാര്യങ്ങള്‍.  അസംസ്കൃതവസ്തുക്കളുടെ വിലവര്‍ധനയുള്‍പ്പെടെ നിരവധി പ്രശ്നങ്ങളും  കൈത്തറിയുടെ ശോഭ കെടുത്തുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍  ഏറ്റവും ഉയര്‍ന്ന വിലയാണ് പരുത്തിക്ക്. 2009 ഫെബ്രുവരിയില്‍ 24,500  രൂപയുണ്ടായിരുന്ന ഒരു കണ്ടി പരുത്തിക്ക് ഈവര്‍ഷം നവംബറില്‍ 48,500 രൂപയാണ്  വില.  97.96 ശതമാനം വര്‍ധന.  ലോകത്ത് ആകെയുള്ള പരുത്തികൃഷിയുടെ 25 ശതമാനവും  ഇന്ത്യയിലാണെങ്കിലും അതിന്റെ ഗുണം കൈത്തറിമേഖലയ്ക്ക് ലഭിക്കുന്നില്ല.  ഇന്ത്യയുടെ ആവശ്യം പരിഗണിക്കാതെ കയറ്റുമതി നടത്തിയതാണ് പരുത്തിവില ഗണ്യമായി  വര്‍ധിക്കാന്‍ കാരണമായത്. ചൈന, പാകിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ  രാജ്യങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് പരുത്തി ഉല്‍പ്പാദനം  ഗണ്യമായി കുറഞ്ഞതും വിലവര്‍ധനയ്ക്ക് കാരണമായി. ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ  സംസ്ഥാനങ്ങളിലെ പരുത്തി ലോബിയും വിലക്കയറ്റത്തിന് പിന്നില്‍  പ്രവര്‍ത്തിക്കുന്നു.
രണ്ടു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന  നിലയിലാണ് കൈത്തറിയുടെ പ്രധാന അസംസ്കൃതവസ്തുവായ നൂലിന്റെ വില. 2009  ഫെബ്രുവരിയില്‍ 40ട നൂലിന്റെ ബണ്ടിലിന് 590 രൂപയായിരുന്നത് 2010 നവംബറില്‍  800 രൂപയായി. 49.15 ശതമാനം വര്‍ധന. കയറ്റുമതിയെ മാത്രം ആശ്രയിച്ചുകഴിയുന്ന  വ്യവസായസ്ഥാപനങ്ങള്‍ അഭൂതപൂര്‍വമായ ഈ വിലക്കയറ്റത്തെ എങ്ങനെ  നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. നൂല്‍വില കൂടിയതിനാല്‍ ഉല്‍പ്പന്നങ്ങളുടെ  വില ക്വോട്ട് ചെയ്യാനും ഓര്‍ഡറുകള്‍ സ്വീകരിക്കാനും പ്രയാസപ്പെടുന്നു.  കിട്ടിയ ഓര്‍ഡര്‍പോലും റദ്ദാക്കുന്ന അവസ്ഥയാണ് ഇപ്പോള്‍.
2008-09ല്‍  350 കോടി രൂപയുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്ത സ്ഥാനത്ത്  2009-10ല്‍ 220 കോടി രൂപയായി കുറഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷം ഇതിലും  കുറയാനാണ് സാധ്യത. ലോകത്ത് ഏറ്റവും കൂടുതല്‍ പരുത്തി കൃഷിചെയ്യുന്ന  ചൈനയിലുണ്ടായ പ്രകൃതിക്ഷോഭവും വിലക്കയറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. 200  ലക്ഷം ബേല്‍ പരുത്തിയാണ് അവര്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്തത്.  പാകിസ്ഥാനില്‍ 50 ശതമാനത്തിലേറെ പരുത്തികൃഷി നശിച്ചതിന്റെ ഫലമായി അവരും  ഇന്ത്യയെ ആശ്രയിക്കുകയാണ്. ഇതിനകം കയറ്റുമതിചെയ്ത പരുത്തി-നൂല്‍ കണക്കു  നോക്കിയാല്‍ 85 ശതമാനവും ചൈനയും പാകിസ്ഥാനുമാണ് കൊണ്ടുപോയത്. ഈ സാഹചര്യം  മുതലെടുത്താണ് ഇന്ത്യന്‍ കുത്തകകള്‍ നീതീകരണമില്ലാതെ വിലവര്‍ധിപ്പിച്ചത്.  ഇതിനു പരിഹാരം കാണാന്‍ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാതെ മാര്‍ഗമില്ല.
ആസൂത്രണത്തിലുള്ള  പിഴവുമൂലം പരുത്തിപ്പാടങ്ങള്‍ തരിശ് കിടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ  കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഈ വര്‍ഷം വിളവെടുപ്പില്‍ റെക്കോഡ് വര്‍ധന  ഉണ്ടായിട്ടുണ്ട്. 77.3 ലക്ഷം ടണ്‍ പരുത്തി ഉല്‍പ്പാദിപ്പിച്ചു. എന്നിട്ടും   ഭീമമായ വിലക്കയറ്റം അനുഭവപ്പെടുന്നത് കുത്തകകളുടെ ലാഭക്കൊതി  കൊണ്ടുമാത്രമാണ്.
ഈ വര്‍ഷം കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം  വിളവിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും 266 ലക്ഷം ബേല്‍ മാത്രമേ നമുക്ക്  ആവശ്യമുള്ളൂ എന്ന നിഗമനത്തിലെത്തുകയും 55 ലക്ഷം ബേല്‍ പരുത്തി കയറ്റുമതി  ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയുമാണ്. വിളവെടുപ്പിന് മുമ്പുതന്നെ ഈ  തീരുമാനമെടുത്തത് ഊഹക്കച്ചവടക്കാരെയും കുത്തകകളെയും സഹായിക്കാനാണ്. വിദേശ  കമ്പോളത്തില്‍ പരുത്തിയുടെ കുറവ് കണക്കിലെടുത്ത് കയറ്റുമതി വന്‍തോതില്‍  വര്‍ധിപ്പിക്കുമ്പോള്‍ വിഷമത്തിലാകുന്നത് തദ്ദേശീയരായ  കൈത്തറിത്തൊഴിലാളികളാണ്.
കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായും  ഇടപെട്ടില്ലെങ്കില്‍ ഇന്ത്യയിലെ വസ്ത്രവ്യാപാരം പൂര്‍ണമായും തകരുമെന്ന  കാര്യം ഉറപ്പാണ്. നൂല്‍ വിലക്കയറ്റം തടയുക, പരുത്തി  സംഭരണവും വിതരണവും  സര്‍ക്കാര്‍ ഏറ്റെടുക്കുക, പരുത്തിയും നൂലും കയറ്റുമതി ചെയ്യുന്നത്  നിയന്ത്രിക്കുക, പരുത്തിയുടെ അവധി വ്യാപാരം നിരോധിക്കുക,  പരുത്തിപ്പാടങ്ങള്‍ പൂര്‍ണമായും കൃഷിയോഗ്യമാക്കുക,  തകര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങളെ  രക്ഷിക്കുന്നതിന് 2007 മാര്‍ച്ച് 31 വരെയുള്ള 538 കോടി രൂപയുടെ കടം  എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ട്രേഡ്  യൂണിയന്റെയും ആവശ്യം പരിഗണിക്കുക, കാലാകാലമായി കൈത്തറി ഉല്‍പ്പന്നം  വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്ന റിബേറ്റ് പുനഃസ്ഥാപിക്കുക  തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ  ഇന്ത്യയിലെ കൈത്തറിമേഖല രക്ഷപ്പെടൂ. 2009 മാര്‍ച്ച് വരെ വര്‍ഷത്തില്‍ 128  ദിവസം റിബേറ്റ് അനുവദിച്ചതാണ്. എന്നാല്‍, 2009 ഏപ്രില്‍ മുതല്‍ റിബേറ്റ്  നിര്‍ത്തി. റിബേറ്റ് പുനഃസ്ഥാപിക്കാനുള്ള നടപടിയും അടിയന്തരമായി  കൈക്കൊള്ളണം.
*
അരക്കന്‍ ബാലന്‍ (കേരള സംസ്ഥാന കൈത്തറി- യന്ത്രത്തറി സംയുക്ത സമരസമിതി കണ്‍വീനറാണ് ലേഖകന്‍)
കടപ്പാട് : ദേശാഭിമാനി ദിനപത്രം